തിരൂര്‍:  16 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ അറസ്റ്റില്‍. തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് താനൂരില്‍നിന്ന് പോലീസ് പിടികൂടിയത്. 500, 2000 രൂപയുടെ കറന്‍സികള്‍ ദേഹത്ത് ബെല്‍റ്റ് പോലെ കെട്ടിയാണ് ഇയാള്‍ ഒളിപ്പിച്ചിരുന്നത്. കോയമ്പത്തൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ താനൂരിലെത്തിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. 

കോയമ്പത്തൂരില്‍നിന്ന് നിരവധി തവണ ഇയാള്‍ പണമെത്തിച്ച് വിതരണം ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇടയ്ക്കിടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ മാറ്റിയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുമാണ് പ്രതി പോലീസ് നിരീക്ഷണത്തില്‍നിന്ന് രക്ഷപ്പെട്ടിരുന്നത്. ഇയാള്‍ നേരത്തെയും കുഴല്‍പ്പണ കേസുകളില്‍ പിടിയിലായിരുന്നു. 

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ താനൂര്‍ സി.ഐ. കെ.ജെ. ജിനേഷ്, എസ്.ഐ.മാരായ ശ്രീജിത്ത്, ഹരിദാസ്, സി.പി.ഒ.മാരായ സലേഷ്, വിപിന്‍, ജിനേഷ്, സുബൈര്‍, സാജന്‍ എന്നിവരും ഡാന്‍സഫ് സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.