കോതമംഗലം: പതിനായിരങ്ങള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. മയക്കുമരുന്ന് നല്‍കിയ അങ്കമാലി സ്വദേശിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം. 335 ഗ്രാം ഹാഷിഷ് പ്രതിയില്‍ നിന്ന് കണ്ടെടുത്തു. 

കോതമംഗലം രാമല്ലൂര്‍ അമ്പാട്ടുവീട്ടില്‍ ക്രിസ്റ്റിന്‍ ജോസ് (30) ആണ് ഹാഷിഷുമായി അറസ്റ്റിലായത്. കോതമംഗലം എക്സൈസ് സി.ഐ. ജോസ് പ്രതാപും സംഘവും അടിവാട് നെല്ലിമറ്റം റോഡില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. കുത്തുകുഴി മാരമംഗലം ഭാഗത്ത്് സംശയാസ്പദ സാഹചര്യത്തില്‍ കാറുമായി കണ്ടത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഹാഷിഷ് ഓയില്‍ പാക്കറ്റ് പ്രതിയില്‍ നിന്ന് കണ്ടെടുത്തത്.

അങ്കമാലി സ്വദേശി ബിന്റോയില്‍ നിന്ന് മൂന്നാഴ്ചമുമ്പ് ഒരുകിലോ ഹാഷിഷ് ഓയില്‍ ഒന്നരലക്ഷം രൂപയ്ക്ക്് വാങ്ങിയതാണെന്നാണ് പ്രതിയുടെ കുറ്റസമ്മതം. ചെറുകുപ്പികളിലാക്കി 500, 1000, 2000 രൂപയ്ക്ക് ചില്ലറ വില്‍പ്പന നടത്തിവരുന്നതിനിടെയാണ് പ്രതി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എന്‍.ഡി.പി.എസ്. കേസെടുത്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.