ദുബായ്: സ്വര്‍ണപ്പല്ലുമായി ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ യാത്രികന്‍ കസ്റ്റംസ് പിടിയിലായി. 20,200 ദിര്‍ഹം വിലമതിക്കുന്ന 95 ഗ്രാമിന്റെ സ്വര്‍ണപ്പല്ലുമായാണ് ഇയാള്‍ പിടിയിലായത്. ഓഗസ്റ്റ് 28-ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് തടഞ്ഞുവെച്ച രണ്ട് ഉസ്ബെക്കിസ്താന്‍ പൗരന്മാരില്‍ ഒരാളാണ് ഇത്. കാര്യമായ ബാഗേജുകളൊന്നുമില്ലാതെ അറൈവല്‍ ഗ്രീന്‍ ചാനലിലൂടെ പുറത്തേക്കുവന്ന ഇവര്‍ കസ്റ്റംസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഭീകരവാദ പശ്ചാത്തലം പരിശോധിക്കാന്‍ സംശയമുള്ളവരെ അഡ്വാന്‍സ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി നിരീക്ഷിച്ചുവരുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരാളില്‍നിന്ന് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണത്തിന്റെ നികുതിയും കസ്റ്റംസ് ഫീസും ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഇയാളെ നിയമനടപടികള്‍ക്ക് വിധേയമാക്കി.