നിലമ്പൂര്‍ എടക്കര തെക്കരതൊടിക വീട്ടില്‍ മുഹമ്മദ് സ്വാലിഹാണ് (27) പാലക്കാട് ആര്‍.പി.എഫ്. ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും ആന്റി നര്‍ക്കോട്ടിക് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. തിങ്കളാഴ്ച രണ്ടാംനമ്പര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം.

വിശാഖപട്ടണത്തുനിന്ന് ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ്സില്‍ കടത്തുകയായിരുന്നു കഞ്ചാവ്. കൊച്ചിയില്‍നിന്ന് വിമാനമാര്‍ഗം വിശാഖപട്ടണത്തെത്തിയ ശേഷം അവിടെനിന്ന് കഞ്ചാവ് വാങ്ങി തീവണ്ടിമാര്‍ഗം കേരളത്തിലെത്തിക്കും. തുടര്‍ന്ന്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പാണ്ടിക്കാട്, വണ്ടൂര്‍, എടക്കര എന്നീ സ്ഥലങ്ങളില്‍ ചില്ലറവില്പന നടത്താനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

മുമ്പും പലതവണ ഇയാള്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ട്. രണ്ടുതവണ മോഷണക്കേസില്‍ പ്രതിയാവുകയും ജയിലില്‍ കഴിയുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

കേസ് തുടരന്വേഷണത്തിനായി എക്‌സൈസിന് കൈമാറി. ആര്‍.പി.എഫ്. കമാന്‍ഡന്റ് ജെതിന്‍ ബി. രാജിന്റെ നിര്‍ദേശപ്രകാരം ആര്‍.പി.എഫ്. സി.ഐ. എന്‍. കേശവദാസ്, എ.എസ്.ഐ.മാരായ കെ. സജു, സജി അഗസ്റ്റിന്‍, എക്‌സൈസ് പ്രിവന്റ്റീവ് ഓഫീസര്‍മാരായ ആര്‍.എസ്. സുരേഷ്, ആര്‍.പി.എഫ്. കോണ്‍സ്റ്റബിള്‍മാരായ എന്‍. അശോക്, ഒ.കെ. അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഡി. ഹരിപ്രസാദ്, പി.ഡി. പോള്‍, പി. ശരവണന്‍, ആര്‍. സുഭാഷ് എന്നിവരാണ് പരിശോധന നടത്തിയത്.