തിരുവനന്തപുരം:  കഞ്ചാവുമായി പിടിയിലായ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് കഞ്ചാവ് ചെടികള്‍. നെയ്യാറ്റിന്‍കര എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കാഞ്ഞിരംകുളം മാങ്കാല പുത്തന്‍വീട്ടില്‍ സുരേഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പത്ത് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്. 

തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സുരേഷ്‌കുമാര്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. തുടര്‍ന്ന് ഇയാളുടെ വീട്ടിലും പരിശോധന നടത്തുകയായിരുന്നു. സ്വന്തം പറമ്പില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികളില്‍ പകുതിയോളം വേനല്‍ കാരണം കരിഞ്ഞുപോയിരുന്നു. ശേഷിച്ച കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം പിടിച്ചെടുത്തു. ചെടികള്‍ക്ക് ഏഴ് അടിയിലേറെ നീളമുണ്ട്. വിളവെടുപ്പിന് പാകമായനിലയിലായിരുന്നു. 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍, പ്രിവന്റീവ് ഓഫീസര്‍ ഷാജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നൂജു, ടോണി, വിനോദ്, ഉമാപതി, ഡ്രൈവര്‍ സുരേഷ് കുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

Content Highlights: man arrested with ganja and seized ganja plants from his home in thiruvananthapuram