ചാലക്കുടി: വീട്ടില്‍ സൂക്ഷിച്ച രണ്ടു കിലോ കഞ്ചാവും തോക്കുമായി യുവാവ് പിടിയില്‍. ചാലക്കുടി വെട്ടുകടവ് ചേലേക്കാട്ടില്‍ സന്ദീപ് (25) ആണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശില്‍നിന്ന് കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്നയാളാണ് സന്ദീപെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഇയാളുടെ വീട്ടില്‍നിന്ന് മാനിന്റെ തലയോട്ടിയും കണ്ടെടുത്തു. പ്രതി കഞ്ചാവ് വിതരണത്തിന് പോകുമ്പോള്‍ കൈവശം വെയ്ക്കുന്ന എയര്‍ പിസ്റ്റളാണ് എക്‌സൈസ് കണ്ടെടുത്തത്.

ചാലക്കുടി എക്സൈസ് ഓഫീസര്‍ അശ്വിന്‍കുമാറും സംഘവും നടത്തിയ പരിശോധനയ്ക്കിടെ പ്രതി ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമത്തിനു മുതിര്‍ന്നു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. മാനിന്റെ തലയോട്ടി വിശദമായ അന്വേഷണത്തിനായി പരിയാരം റെയ്ഞ്ച് ഓഫീസര്‍ക്ക് കൈമാറി. തോട്ടത്തില്‍നിന്നു നേരിട്ട് വെട്ടി ഉണക്കി വരുന്നതാണ് ഗ്രീന്‍ കഞ്ചാവ്. വിലക്കൂടുതലുള്ള ഈ ഇനം ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ലഭിച്ചിരുന്നതാണെന്ന് എക്‌സൈസ് പറയുന്നു.

Content Highlights: man arrested with ganja and gun in chalakkudy