നെയ്യാറ്റിന്‍കര: പ്രാവച്ചമ്പലത്തിനു സമീപം എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പട്ടം കുളങ്ങര ലെയ്ന്‍ ഷാരോണ്‍ വില്ലയില്‍ സാം ഡേവിഡ് രാജി(34)നെയാണ് എക്സൈസ് പിടികൂടിയത്.

വാഹനപരിശോധനയ്ക്കിടെ എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച സാമിനെ ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും എക്സൈസ് പിടിച്ചെടുത്തു. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് അറസ്റ്റിലായ സാംഡേവിഡ് രാജ്.

സ്ഥിരമായി കഞ്ചാവ് കടത്താറുണ്ടെന്ന വിവരം എക്സൈസ് സംഘത്തിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് പ്രാവച്ചമ്പലത്തുവെച്ച് പിടിയിലായത്.

എക്സൈസ് ഇന്‍സ്പെക്ടര്‍ സച്ചിന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഗോപകുമാര്‍, ഷാജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നൂജു, ടോണി, അനീഷ്, സതീഷ്‌കുമാര്‍, സ്റ്റീഫന്‍, ഡ്രൈവര്‍ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.