തിരൂര്‍: 15 ലക്ഷം രൂപയിലധികം വിലവരുന്ന മയക്കുമരുന്നുമായി യുവാവ് തിരൂരില്‍ അറസ്റ്റിലായി. കാസര്‍കോട് മഞ്ചേശ്വരം സ്വദേശി അന്‍സീന മന്‍സിലില്‍ അന്‍സാര്‍ (30) ആണ് തിരൂര്‍ പോലീസിന്റെ പിടിയിലായത്. 

ബുധനാഴ്ച പുലര്‍ച്ചെ തലക്കടത്തൂര്‍ സലീമാ ഹോസ്പിറ്റല്‍ ജങ്ഷനില്‍നിന്ന് അരീക്കാട് റോഡില്‍ പടിഞ്ഞാക്കരയില്‍ തലക്കടത്തൂര്‍ സ്വദേശിയുടെ മോട്ടോര്‍സൈക്കിളില്‍ കാറിടിച്ച് അപകടമുണ്ടായെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് കാര്‍ പരിശോധിച്ചു. അപ്പോഴാണ് ഡ്രൈവര്‍ അന്‍സാറില്‍നിന്ന് നിരോധിത മയക്കുമരുന്നുകളായ ഹാഷിഷ് ഓയില്‍, എം.ഡി.എം.എ. എന്നിവ കണ്ടെടുത്തത്. തിരൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജലീല്‍ കറുത്തേടത്ത്, എ.എസ്.ഐ. പ്രവീണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ്കുട്ടി, സി.പി.ഒ. ജോണ്‍ ബോസ്‌കോ, രഞ്ജിത്ത്, അനീഷ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.