ഈരാറ്റുപേട്ട : മൂന്നിലവില്‍ വാറ്റുകേന്ദ്രത്തില്‍ ഈരാറ്റുപേട്ട എക്സൈസിന്റെ റെയ്ഡ്.ഈരാറ്റുപേട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ വൈശാഖ് വി.പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂത്തേടത്ത് ദേവസ്യ (65)യെ അറസ്റ്റ് ചെയ്തത്.

വന്‍ തോതില്‍ ചാരായം നിര്‍മിച്ചുവന്നിരുന്ന ഇയാള്‍, തവണകളായി പൈസ അടച്ചാല്‍ മതി എന്നതിനാലും ആവശ്യക്കാര്‍ക്ക് ആവശ്യപ്പെടുന്ന സ്ഥലത്ത് ചാരായം എത്തിച്ചുനല്‍കുന്നതിനാലും ഉപയോക്താക്കള്‍ക്കിടയില്‍ 'നന്മമരം' എന്നറിയപ്പെട്ടിരുന്നതായി എക്സൈസ് പറയുന്നു. നിരവധി കേസുകളിലും പ്രതിയാണ്.

നാട്ടുകാരുടെ പരാതിമൂലം മൂന്നിലവ് ഉപ്പിടുപാറയില്‍ ആളൊഴിഞ്ഞഭാഗത്ത് വീട് വാടകയ്ക്ക് എടുത്തതായിരുന്നു ചാരായംവാറ്റിയിരുന്നത്.ഇയാളുടെ പക്കല്‍നിന്നും എട്ടുലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും ചാരായ നിര്‍മാണ ഉപകരണങ്ങളും കണ്ടെത്തി.

കുറച്ചുദിവസങ്ങളായി ഇയാളുടെ നീക്കങ്ങള്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ വൈശാഖ് വി. പിള്ളയും ഷാഡോ എക്സൈസ് അംഗങ്ങളായ വിശാഖ് കെ.വി., നൗഫല്‍ കരിം, നിയാസ് സി.ജെ. എന്നിവരും നിരീക്ഷിക്കുന്നുണ്ടായിരുന്നു.

അറസ്റ്റുചെയ്ത സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ് ടി.ജെ, മുഹമ്മദ് അഷ്റഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജിമോന്‍ എം.ടി., റോയ് വര്‍ഗീസ്, സുരേന്ദ്രന്‍ കെ.സി, സുവി ജോസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സുജാത സി.ബി., എക്സൈസ് ഡ്രൈവര്‍ ഷാനവാസ് ഒ.എ. എന്നിവര്‍ ഉണ്ടായിരുന്നു.