കരുമാല്ലൂര്‍: 300 കുപ്പി വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍. ബിവറേജ് ഔട്ട്ലെറ്റില്‍നിന്ന് അനധികൃതമായി കടത്തിയതാണെന്ന വിവരത്തെ തുടര്‍ന്ന് ആലങ്ങാട് കോട്ടപ്പുറത്തെ ഔട്ട്ലെറ്റില്‍ എക്‌സൈസ് പരിശോധന നടത്തി പൂട്ടിച്ചു. ആലങ്ങാട് കോട്ടപ്പുറം സ്വദേശി ഹരികുമാറി (40) നെയാണ് ഞായറാഴ്ച പുലര്‍ച്ചെ ആലുവ എക്‌സൈസ് സംഘം പിടികൂടിയത്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആലുവ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയ് എം. ജേക്കബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് പാനായിക്കുളം ഭാഗത്തേക്ക് കാറില്‍ മദ്യം കടത്തുകയാണെന്ന വിവരം ലഭിച്ചത്.

തിരച്ചിലില്‍ 300 കുപ്പികളിലായി സൂക്ഷിച്ച 128 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി ഹരികുമാര്‍ പിടിയിലാവുകയായിരുന്നു. കോട്ടപ്പുറത്തെ ബിവറേജ് ഔട്ട്ലെറ്റ് ഇയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവിടത്തെ ചില ജീവനക്കാരെ സ്വാധീനിച്ചാണ് ഇത്രയധികം മദ്യം തരപ്പെടുത്തിയതെന്ന് ഇയാള്‍ എക്‌സൈസിന് മൊഴി നല്‍കി.

ഒരാള്‍ക്ക് ഇത്രയുമധികം മദ്യം വില്‍ക്കാന്‍ പാടില്ലെന്നിരിക്കെ, തിരിമറി നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് എക്‌സൈസ് ബിവറേജ് ഔട്ട്ലെറ്റില്‍ പരിശോധന നടത്തിയത്. തിരിമറി നടത്തിയെന്നു പറയുന്ന ജീവനക്കാരനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്ന് എക്‌സൈസ് പറഞ്ഞു.