കരിമണ്ണൂര്‍: എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുവഴി ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെത്തി നാല് പവന്‍ സ്വര്‍ണവും മൊബൈല്‍ഫോണും മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. എംപ്ലോയ്മെന്റ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പുനടത്തിയ വൈക്കം കുലശേഖരമംഗലം കുറ്റിക്കാട്ടില്‍ അനൂപിനെ(32) ആണ് കരിമണ്ണൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ചെപ്പുകുളം സ്വദേശിനിയുടെ വീട്ടിലാണ് മോഷണം നടന്നത്.

ശനിയാഴ്ച വൈകീട്ടാണ് സംഭവം. പരാതിക്കാരിയുടെ അമ്മയുടെ നമ്പരിലേക്കാണ് ഇയാള്‍ വിളിച്ചത്. എംപ്ലോയ്മെന്റ് ഓഫീസര്‍ എന്ന് പരിചയപ്പെടുത്തി വിളിച്ച അനൂപ് മകള്‍ക്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഫോണ്‍നമ്പര്‍ വാങ്ങി അവരെ വിളിച്ചു. ബയോഡാറ്റയും ഫോട്ടോയും വാങ്ങി. അരമണിക്കൂറിനുശേഷം വിളിച്ച് ജോലി ശരിയായെന്ന് പറഞ്ഞു. ചില പേപ്പറുകളില്‍ ഒപ്പിടീക്കാനുണ്ടെന്നുപറഞ്ഞ് ഇയാള്‍ വീട്ടിലെത്തി, കുറച്ച് പേപ്പറുകളില്‍ ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തു. ഈ തക്കത്തിന് വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും മൊബൈല്‍ഫോണും കവര്‍ന്നു. ഇയാള്‍ സ്ഥലംവിട്ടുകഴിഞ്ഞാണ് മോഷണവിവരം വീട്ടുകാരറിയുന്നത്. ഉടന്‍തന്നെ പോലീസിനെ വിവരമറിയിച്ചു.

തന്ത്രപൂര്‍വമാണ് പോലീസ് ഇയാളെ കുടുക്കിയത്. ഒരു വനിതാ പോലീസ് ഇയാളുടെ നമ്പരിലേക്ക് വിളിച്ച് ജോലി ആവശ്യമുണ്ടെന്ന് പറഞ്ഞു. ഏറ്റുമാനൂരില്‍ കാണാമെന്ന് ഇയാള്‍ പറഞ്ഞെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ചോഫാക്കി. തുടര്‍ന്ന്, ഏറ്റുമാനൂരിലെ ഓട്ടോഡ്രൈവര്‍മാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനൂപ് വലയിലായത്. ഇയാള്‍ക്കെതിരേ വൈക്കം, കടുത്തുരുത്തി പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ട്. പ്രതിയെ റിമാന്‍ഡുചെയ്തു.

കരിമണ്ണൂര്‍ സി.ഐ. സുമേഷ് സുധാകരന്‍, എസ്.ഐ. പി.എന്‍.ദിനേശ്, എ.എസ്.ഐ.മാരായ രാജേഷ്, സലീല്‍ മൊഹമ്മദ് അനസ്, സി.പി.ഒ.മാരായ അയൂബ്, മനു ബേബി, അപര്‍ണ, ശശി എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.