ആലുവ: പാനായികുളം ചിറയത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ കെട്ടിയിട്ട് 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ആലപ്പുഴ അരൂര്‍ പുതുപ്പിള്ളില്‍ വീട്ടില്‍ അഫ്‌സലി(37)നെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതി മുന്‍ഷീര്‍ നേരത്തെ പിടിയിലായിരുന്നു. 

കഴിഞ്ഞ ആറാം തീയതി പുലര്‍ച്ചെയാണ് സംഭവം. വയോധികനെ കെട്ടിയിട്ട് ആഭരണങ്ങളും വില കൂടിയ മൊബൈല്‍ ഫോണുമായി പ്രതികള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയി. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തിയ കേസില്‍ ചന്തിരൂരില്‍ നിന്നുമാണ് മുഖ്യപ്രതിയെ പിടികൂടിയത്. ആലപ്പുഴ ജില്ലയിലും കൊച്ചി സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും മോഷണത്തിനും മോഷണശ്രമങ്ങള്‍ക്കും നാര്‍കോട്ടിക്ക് ആക്ട് പ്രകാരവും ഇയാള്‍ക്കെതിരേ കേസുകളുണ്ട്. ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവന്‍കുട്ടി ബിനാനിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍.വി.ആര്‍, സബ് ഇന്‍സ്‌പെക്ടര്‍ രഘുനാഥ്,എ.എസ്.ഐ മാരായ ജോര്‍ജ്ജ് തോമസ്, ഹംസ, റഷീദ് സി.പി.ഒ മാരായ രജീഷ്, ഹരീഷ് എസ് നായര്‍, രതീഷ് കുമാര്‍, മുഹമ്മദ് സലീം എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.