കരുവാരക്കുണ്ട്: യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായ യുവാവ് പിടിയിൽ. ഇരിങ്ങാട്ടിരി സ്വദേശി നടുതൊടിക സിറാജുദീനെ (31) ആണ് കരുവാരക്കുണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. വിവാഹിതയായ ഇവരെ ഒരു വർഷത്തോളമായി വീട്ടിൽവെച്ചും മറ്റു പല സ്ഥലങ്ങളിൽവെച്ചും പീഡിപ്പിച്ചെന്നാണ് കേസ്.

ചിത്രങ്ങളടക്കം സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഇതറിഞ്ഞതോടെ സിറാജുദ്ദീന്റെ കൂട്ടുകാരിൽ പലരും യുവതിയെ സമീപിച്ചു. സഹികെട്ട യുവതി പരാതി നൽകുകയായിരുന്നു. സിറാജുദ്ദീനെ ചൊവ്വാഴ്ച പുലർച്ചെ കോഴിക്കോട് വിമാനത്താവള ജങ്ഷനിൽവെച്ചാണ് പിടികൂടിയത്.

പോലീസ്, അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥനാണന്നു പറഞ്ഞ് പലയിടങ്ങളിലായി ഒട്ടേറെ യുവതികളുമായി ഇദ്ദേഹം അടുപ്പം സ്ഥാപിച്ചിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. പ്രതിയെ ബുധനാഴ്ച മഞ്ചേരി കോടതിയിൽ ഹാജരാക്കും. സി.പി.ഒമാരായ ഉല്ലാസ് കെ.എസ്, അരുൺകുമാർ, അജേഷ്, സനീഷ്, പ്രവീൺ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.