കുളത്തൂപ്പുഴ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായുള്ള ഇതരസംസ്ഥാന യുവതിയുടെ പരാതിയില്‍ കുളത്തൂപ്പുഴ സ്വദേശിയായ യുവാവ് പോലീസ് പിടിയില്‍. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി സഫ്ദര്‍ മന്‍സിലില്‍ സഫ്ദര്‍ഹഷ്മി (24) ആണ് പിടിയിലായത്.

ഉത്തരേന്ത്യന്‍ സ്വദേശിയായ യുവതി കുളത്തൂപ്പുഴയിലെ സ്വകാര്യസ്‌കൂളില്‍ ജോലിനോക്കിവരവേ സൗഹൃദത്തിലായ യുവാവ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും തുടര്‍ന്ന് വഞ്ചിക്കുകയും ചെയ്‌തെന്നുകാട്ടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതിനല്‍കിയിരുന്നു.

കേസ് കുളത്തൂപ്പുഴ പോലീസിനു കൈമാറിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ഇയാള്‍ മാസങ്ങള്‍ക്കുമുന്‍പ് കോട്ടയം സ്വദേശിനിയെ വിവാഹം കഴിച്ചെങ്കിലും ബന്ധം വേര്‍പെടുത്തിയതായി പോലീസ് പറഞ്ഞു. യുവാവിനെ റിമാന്‍ഡ് ചെയ്തു.