ചാലക്കുടി: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കി ഒളിവില്‍ പോയ യുവാവിനെ പോലീസ് പിടികൂടി. പരിയാരം കൊന്നക്കുഴി കൂനന്‍ വീട്ടില്‍ ഡാനിയലി (23)നെയാണ് ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷും സംഘവും അറസ്റ്റുചെയ്തത്.

പെണ്‍കുട്ടിയുമായി പരിചയത്തിലായ ഡാനിയല്‍ പലവട്ടം പെണ്‍കുട്ടിയെ വിളിച്ച് സൗഹൃദം ദൃഢമാക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം നാടുവിടുകയായിരുന്നു. ഡാനിയല്‍ ചതിച്ചതാണെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

ആദ്യം ആന്ധ്രയിലും തമിഴ്നാട്ടിലും ഒളിവില്‍ കഴിഞ്ഞ ഡാനിയല്‍ പിന്നീട് കേരളത്തിലെത്തി. പോലീസ് അന്വേഷിക്കുന്നതായറിഞ്ഞ് ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. ബെംഗളൂരുവില്‍നിന്ന് ചാലക്കുടി പോലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യംചെയ്യലില്‍ ആദ്യം കുറ്റം നിഷേധിച്ച ഡാനിയല്‍ ശാസ്ത്രീയമായ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. എസ്.എച്ച്.ഒ. കെ.എസ്. സന്ദീപ്, അഡീഷണല്‍ എസ്.ഐ. സജി വര്‍ഗ്ഗീസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജൊ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.