അഞ്ചല്‍ : ഒളിവിലായിരുന്ന പീഡനക്കേസ് പ്രതിയെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ചിത്തിരപുരം പള്ളിപ്പറമ്പില്‍ വീട്ടില്‍ സാജന്‍ ആന്റണി(55)യെയാണ് പിടികൂടിയത്. ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത യുവതിയെ അഞ്ചല്‍ ചണ്ണപ്പേട്ടയില്‍വെച്ച് സാജന്‍ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ഒളിവില്‍പ്പോയി.

പിന്നീട് യുവതിയുടെ പരാതിയെ തുടര്‍ന്ന് അഞ്ചല്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. അഞ്ചല്‍ എസ്.എച്ച്.ഒ. കെ.ജി.ഗോപകുമാറിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍നിന്ന് കഴിഞ്ഞ ദിവസമാണ് സാജനെ പിടികൂടിയത്. എസ്.ഐ.മാരായ ജ്യോതിഷ്, പ്രേംലാല്‍, എ.എസ്.ഐ. ശ്രീജിത്ത് ലാല്‍, സിവില്‍ പോലീസ് ഓഫീസര്‍ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.