പന്തളം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ വിദേശത്ത് ജോലി ചെയ്തിരുന്ന യുവാവിനെ പന്തളം സി.ഐ. എസ്.ശ്രീകുമാർ അറസ്റ്റുചെയ്തു. കോന്നി വകയാർ മേലേതിൽ വിള പറമ്പിൽ ജിതിൻ ആർ.അരവിന്ദാണ് (33) അറസ്റ്റിലായത്.

2016 ഫെബ്രുവരിയിൽ പന്തളത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയെ പരിചയപ്പെട്ട പ്രതി ഫോണിൽ വിളിച്ചും നേരിൽ കണ്ടും പ്രേമാഭ്യർത്ഥന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹം കഴിക്കാമെന്നു പ്രലോഭിപ്പിച്ച് തമിഴ്നാട്ടിലെ ചെങ്കോട്ടയിലെ ലോഡ്ജ് മുറിയിലും യുവതിയുടെ വീട്ടിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

കുറ്റകൃത്യത്തിനുശേഷം 2019 മാർച്ചിൽ കുവൈറ്റിൽ പോയി ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലിചെയ്തു വരികയായിരുന്നു. ലുക്ക് ഔട്ട് സർട്ടിഫിക്കറ്റും ബ്ലൂ നോട്ടീസും നിലവിലുണ്ടായിരുന്ന പ്രതി ജൂൺ 15-ന് നാട്ടിലെത്തിയപ്പോഴാണ് നെടുമ്പാശേരി വിമാനത്താവളത്തിൽവെച്ച് പിടിയിലാകുന്നത്.