മാന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. മാന്നാര്‍ പാവുക്കര കൊച്ചുവീട്ടില്‍ കിഴക്കേതില്‍ രാജീവി (30)നെ ആണ് മാന്നാര്‍ പോലീസ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായശേഷം പെണ്‍കുട്ടിയുടെ പലതരത്തിലുള്ള ഫോട്ടോകള്‍ പ്രതിയുടെ മൊബൈല്‍ ഫോണില്‍ എടുത്തു. പെണ്‍കുട്ടിയുടെ ഫെയ്സ്ബുക്ക് പാസ്വേഡ് കൈക്കലാക്കിയ പ്രതി അതുവഴി ഈ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട്, ഈ ഫോട്ടോകള്‍ വീണ്ടും മോര്‍ഫ് നടത്തി പലസ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയതായാണ് കേസ്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് വടകരയില്‍ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.

മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. മാരായ സുനുമോന്‍, ജോണ്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്.