മലപ്പുറം: സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ കേസില്‍ പ്രതിയെ മലപ്പുറം പോലീസ് അറസ്റ്റുചെയ്തു. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി വാണിയകോള്‍ വീട്ടില്‍ മിസ്ഹബ് (34) ആണ് പിടിയിലായത്. സ്വന്തം വീട്ടിലും സഹോദരിയുടെ വീട്ടിലുമായിട്ടാണ് ഇയാള്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ചത്. പ്രതിയുടെ പക്കല്‍നിന്ന് മോഡം, റൂട്ടര്‍, ലാപ്‌ടോപ്പ് എന്നീ ഉപകരണങ്ങളും പിടിച്ചെടുത്തു. നിരവധി സിം കാര്‍ഡുകളും കണ്ടെത്തി.

പ്രതി ഉപയോഗിച്ച സെര്‍വറിനെക്കുറിച്ചും ഫോണ്‍ വിളിച്ചവരെക്കുറിച്ചും വിവരം കിട്ടിയിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്തേക്കും വിളി പോയിട്ടുണ്ട്. ഇത്രയും സിം കാര്‍ഡുകളും ഉപകരണങ്ങളും പ്രതിക്കെങ്ങനെ ലഭിച്ചുവെന്നതും അന്വേഷിക്കും. വിശദാന്വേഷണത്തിനു കേസ് സൈബര്‍ പോലീസിനു കൈമാറി.

നാലുവര്‍ഷമായി പ്രതി സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നു. 2019-ല്‍ മൈസൂരുവിലും ഇയാളെ സമാന കേസില്‍ അറസ്റ്റുചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും മറ്റു ജില്ലകളിലുണ്ടായ സമാന കേസുകളുമായി പ്രാഥമിക അന്വേഷണത്തില്‍ പ്രതിക്ക് ബന്ധമില്ലെന്നും പോലീസ് അറിയിച്ചു.

കോട്ടയ്ക്കല്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍നിന്നു സമാനകേസില്‍നേരത്തെ രണ്ടുപേര്‍ പിടിയിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മിസ്ഹബിനെ റിമാന്‍ഡുചെയ്തു.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. പി. ബിജു, മലപ്പുറം എസ്.എച്ച്.ഒ. ഇന്‍സ്‌പെക്ടര്‍ ജോബി തോമസ്, എ.എസ്‌.െഎ. സിയാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.ശിഹാബ്, ഹമീദലി, ഷഹേഷ്, ദിലു, സൈബര്‍പോലീസ് എ.എസ്‌.െഎ. ബിജു, സി.പി.ഒ. റിയാസ് ബാബു, പ്രദീപ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: man arrested in parallel telephone exchange case in malappuram