കൊല്ലം : മുള്ളുവിള സ്വദേശിയായ വിമുക്തഭടനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഒളിവിലായിരുന്ന യുവാവ് പിടിയില്‍. വടക്കേവിള പുന്തലത്താഴം പഞ്ചായത്തുവിള ഗാന്ധിനഗര്‍ 119, ചരുവിളവീട്ടില്‍ സുധിന്‍ (26) ആണ് പോലീസ് പിടിയിലായത്.

വിമുക്തഭടനായ മുള്ളുവിളസ്വദേശി മോഹനന്‍ നായരെ (55) കഴുത്തില്‍വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലാണ് അറസ്റ്റ്. ആക്രമണത്തില്‍ മോഹനന്‍ നായരുടെ മൂക്കെല്ല് തകര്‍ന്നിരുന്നു. ജൂലായ് 18-ന് വൈകീട്ട് മുള്ളുവിള എസ്സ്.എന്‍. പബ്‌ളിക് സ്‌കൂളിനുസമീപമുള്ള ചീപ്പ് പാലത്തില്‍ െവച്ചായിരുന്നു സംഭവം. സംഭവത്തിലെ പ്രധാനിയായ ആദര്‍ശ് എന്നയാളെ ഒക്ടോബറില്‍ അറസ്റ്റുചെയ്തിരുന്നു. ഇയാളും രണ്ടുകൂട്ടാളികളും കൂടിയാണ് മോഹനന്‍ നായരെ ആക്രമിച്ചത്. 

ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാല തുറന്നിരിക്കുകയാണോ എന്നചോദ്യത്തിന് ഉത്തരം നല്‍കാതിരുന്നതിനാണ് ഇവര്‍ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മോഹനന്‍ നായര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.

സംഭവത്തിനുശേഷം ഒളിവില്‍ പോയ സുധിന്‍ തിരികെ വീട്ടിലെത്തിയതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ വീടുവളഞ്ഞ് പിടികൂടുകയായിരുന്നു.

ഇരവിപുരം ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ വി.വി.യുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ അനുരൂപ, അരുണ്‍ഷാ, അജിത്കുമാര്‍, എസ്.സി.പി.ഒ. മനോജ്കുമാര്‍, സി.പി.ഒ.മാരായ ബിനു വിജയ്, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. സുധിനെ റിമാന്‍ഡ് ചെയ്തു.