ചാത്തന്നൂര്‍: വീടിനുമുന്നിലെ റോഡരികില്‍ മാലിന്യം തള്ളിയത് ചോദ്യംചെയ്തയാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

പാരിപ്പള്ളി തെങ്ങുവിളവീട്ടില്‍ അജിത്ത് (അജി-46) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. എഴിപ്പുറം മൂഴിക്ക കോളനിയിലെ താമസക്കാരനായ ബേബിയുടെ വീടിനുമുന്നിലെ റോഡില്‍ അജിത്ത് പച്ചക്കറിമാലിന്യം കൊണ്ടുവന്ന് തള്ളി. ബേബി ഇത് ചോദ്യംചെയ്യുകയും മാലിന്യം എടുത്തുമാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തിരികെപ്പോയ അജിത്ത് ഒളിപ്പിച്ചുെവച്ച കത്തിയുമായി തിരിച്ചുവരുകയും മാലിന്യം എടുത്തുമാറ്റാന്‍ ബേബിയെ സഹായത്തിനു വിളിക്കുകയും ചെയ്തു. അടുത്തെത്തിയ ബേബിയെ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

മുതുകിനും തോളിനും കഴുത്തിനും ചെവിക്കുതാഴെയും വെട്ടേറ്റ ബേബിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ എ.അല്‍ജബാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പാരിപ്പള്ളി ഗുല്‍നാര്‍ സര്‍വീസ് സ്റ്റേഷനുസമീത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. എസ്.ഐ. ജയിംസ്, എ.എസ്.ഐ. ബിജു, സി.പി.ഒ.മാരായ നൗഷാദ്, മനോജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.