കൊല്ലം : ശസ്ത്രക്രിയയ്ക്ക് രക്തം കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ശക്തികുളങ്ങര കന്നിമേല്‍ മൂന്നുതെങ്ങിന്‍തറ വീട്ടില്‍ അശോക് കുമാര്‍ (53) ആണ് പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ വിഷ്ണുവിനെയാണ് ഇയാള്‍ ബ്ലേഡുകൊണ്ട് ശരീരമാസകലം മുറിവേല്‍പ്പിച്ചത്. ശക്തികുളങ്ങര വാറുകാവ് ക്ഷേത്രത്തിനു സമീപത്തുവെച്ച് വിഷ്ണുവിന്റെ കഴുത്തില്‍ വരയുകയും നിലത്തുവീഴ്ത്തി ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു.

വിഷ്ണുവിന്റെ ബന്ധു അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് രക്തം സംഘടിപ്പിക്കുന്നതിനുള്ള അന്വേഷണം നടക്കുന്നതിനിടെ അശോക് കുമാര്‍ ഇടപെട്ടു. ഇത് വിഷ്ണുവിന് ഇഷ്ടപ്പെടാതിരിക്കുകയും അശോക് കുമാറിനെ കൈയേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അശോക് കുമാര്‍ കൈവശമുണ്ടായിരുന്ന ബ്ലേഡ് പോലുള്ള ആയുധംകൊണ്ട് വിഷ്ണുവിന്റെ കഴുത്തില്‍ വരഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ ശക്തികുളങ്ങര ഇന്‍സ്‌പെക്ടറും സംഘവും ഇരുവരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.