കൊച്ചി: മൂന്നു വയസ്സുകാരിയുടെ ചികിത്സാ സഹായത്തിനായി ഫെയ്‌സ്ബുക്കില്‍ നല്‍കിയ പോസ്റ്റിലെ അക്കൗണ്ട് നമ്പര്‍ തിരുത്തി തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതി പാലാ സ്വദേശി അരുണ്‍ ജോസഫ് (32) അറസ്റ്റില്‍. എരൂരിലെ ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന അരുണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

അരുണിന്റെ മാതാവ് മറിയാമ്മ സെബാസ്റ്റ്യനും (59) സഹോദരി അനിത ടി. ജോസഫും (29) കഴിഞ്ഞ മാസം ചേരാനല്ലൂര്‍ പോലീസിന്റെ പിടിയിലായിരുന്നു. ഈ വിവരം അറിഞ്ഞതോടെ കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയില്‍ ജോലിചെയ്യുന്ന അരുണ്‍ ഒളിവില്‍ പോകുകയായിരുന്നു. 

രായമംഗലം സ്വദേശി മന്‍മഥന്‍ പ്രവീണിന്റെ മകളുടെ ചികിത്സാ സഹായത്തിനായി സാമൂഹിക മാധ്യമങ്ങളില്‍ ചിത്രം സഹിതം കുറിപ്പിട്ടിരുന്നു.ഈ കുറിപ്പ് തിരുത്തി തങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു പ്രതികള്‍. ഇതുവഴി വലിയൊരു തുക അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു.

അക്കൗണ്ട്, ഗൂഗിള്‍ പേ നമ്പരുകളില്‍ സംശയം തോന്നിയ ഡോക്ടര്‍ വിവരം കുട്ടിയുടെ പിതാവിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

ReadAlso: അമ്മയ്ക്ക് ബാങ്ക് തിരിമറി, മകന് കള്ളനോട്ട്, മകള്‍ക്ക് ചികിത്സാ ഫണ്ട് ; 'തട്ടിപ്പ് കുടുംബം'പിടിയില്‍.....

 

അരുണായിരുന്നു തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍. പ്രതി സമാനമായ രീതിയില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം സെന്‍ട്രല്‍ എ.സി.പി. കെ. ലാല്‍ജി പറഞ്ഞു.