മാവേലിക്കര: ആദ്യഭാര്യ മരിച്ചെന്നു വിശ്വസിപ്പിച്ച് പുനർവിവാഹംചെയ്ത് സ്വർണവും പണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കോട്ടയം ചെങ്ങളം ഈസ്റ്റ് കാഞ്ഞിരമറ്റം കിഴക്കേമുറിയിൽ കെ.കെ. മനീഷി(36)നെയാണ് മാവേലിക്കര പോലീസ് അറസ്റ്റുചെയ്തത്. അറസ്റ്റിലാകുന്ന വേളയിൽ ആദ്യഭാര്യയും മനീഷിനൊപ്പമുണ്ടായിരുന്നു. ഇവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

ബഹ്റൈനിൽ ജോലിചെയ്യുന്ന ചെട്ടിക്കുളങ്ങര സ്വദേശിനി ജില്ലാ പോലീസ് മേധാവി എസ്. ജയദേവിന് ഇ-മെയിലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാനിടയാക്കിയത്.

ഓട്ടോമൊബൈൽ ബിസിനസ് നടത്തുന്ന താൻ എൻജിനിയറിങ് പഠിച്ചിട്ടുണ്ടെന്നും ആദ്യഭാര്യ മരിച്ചുപോയെന്നുമാണ് മനീഷ് യുവതിയുടെ വീട്ടുകാരെ പറഞ്ഞുവിശ്വസിപ്പിച്ചത്. ആദ്യവിവാഹം വേർപെടുത്തിയ ചെട്ടിക്കുളങ്ങര സ്വദേശിനിയും മനീഷുമായി 2020 ഒക്ടോബർ 27-ന് കായംകുളത്തിനു സമീപത്തെ ഒരു ക്ഷേത്രത്തിലായിരുന്നു വിവാഹം.

സ്വന്തം വീടെന്ന് മനീഷ് പറഞ്ഞ തലയോലപ്പറമ്പിലെ വീട്ടിൽ ഇരുവരും ഒരുമാസം താമസിച്ചു. പിന്നീട് ബഹ്റൈനിലേക്കു പോയ യുവതി കഴിഞ്ഞമാസം മനീഷിനെയും അവിടേക്കു കൊണ്ടുപോയി. ജോലിസാധ്യത ശരിയാക്കിയെങ്കിലും ഇന്റർവ്യൂവിനു പോകാതെ മനീഷ് ഒഴിഞ്ഞുമാറി. മനീഷിന്റെ പെരുമാറ്റത്തിൽ സംശയംതോന്നിയ യുവതി തുടർന്നു നടത്തിയ അന്വേഷണത്തിൽ മനീഷിന്റെ ആദ്യഭാര്യ ജീവിച്ചിരിപ്പുണ്ടെന്നും വിവാഹമോചനം നടത്തിയിട്ടില്ലെന്നും മനസ്സിലാക്കുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടർന്ന് എംബസി ഇടപെട്ട് മനീഷിനെ നാട്ടിലേക്കു തിരിച്ചയച്ചു.

ഇതിനുശേഷമാണ് യുവതി പോലീസിനു പരാതിയയച്ചത്. ഇത്രയുംകാലത്തിനിടെ പലപ്പോഴായി 30 പവൻ സ്വർണാഭരണങ്ങളും 28 ലക്ഷം രൂപയും മനീഷ് തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.ആദ്യഭാര്യയെ പ്രതിചേർത്തത് രണ്ടാംഭാര്യയുടെ അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഇവർക്കു പങ്കുണ്ടെന്ന സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു.

ഇൻസ്പെക്ടർ ജി. പ്രൈജു, എസ്.ഐ. എസ്. മിനുമോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ. സുധി, എസ്. ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കോട്ടയത്തെ വീട്ടിൽനിന്ന് മനീഷിനെ അറസ്റ്റുചെയ്തത്.