മരട്: ലോക്ഡൗൺ മറയാക്കി വൻവിലയ്ക്ക് മദ്യം വിറ്റയാളെ ഇടപാടുകാർ തന്നെ 'ഒറ്റിക്കൊടുത്തു'. മരട് നിരവത്ത് റോഡിലെ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിച്ച് മദ്യ വിൽപ്പന നടത്തിയ മരട് സ്വദേശി യേശുദാസാണ് (50) പിടിയിലായത്. പോലീസും ആന്റി നർകോട്ടിക് സ്പെഷ്യൽ ഫോഴ്സും ചേർന്നാണ് ഇയാളെ വലയിലാക്കിയത്.

കർണാടകയിൽ നിന്നെത്തിച്ച മദ്യമാണ് ഇയാൾ വിറ്റിരുന്നത്. ലിറ്ററിന് 500-600 രൂപയുള്ള മദ്യം 2000 രൂപയ്ക്കാണ് നൽകിയിരുന്നത്. ആവശ്യക്കാർ കൂടിയപ്പോൾ ഇതിന് 3000 രൂപയാക്കി. ഇതോടെ കലിപ്പ് കയറിയ ചില ഇടപാടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പതിനാല് ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 17,500 രൂപയും ഇയാളിൽ നിന്നും പിടിച്ചെടുത്തു.