ചാത്തന്നൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസില്‍ യുവാവിനെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍ സനല്‍ നിവാസില്‍ സനല്‍ (44) ആണ് പിടിയിലായത്. പോളണ്ടില്‍ ജോലി നല്‍കാമെന്നുപറഞ്ഞ് ചാത്തന്നൂര്‍ ശ്രീരാഗത്തില്‍ കൃഷ്ണരാജുവില്‍നിന്നാണ് പണം തട്ടിയെടുത്തത്.

2.12 ലക്ഷം രൂപയാണ് സനല്‍ ആറുമാസംമുന്‍പ് കൃഷ്ണരാജുവില്‍നിന്നു കൈക്കലാക്കിയത്. വിസ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കൃഷ്ണരാജു പലപ്രാവശ്യം സമീപിച്ചെങ്കിലും വിസയോ കൊടുത്തപണമോ കിട്ടിയില്ല. തുടര്‍ന്ന് ചാത്തന്നൂര്‍ സ്റ്റേഷനില്‍ പരാതിനല്‍കി.

സനല്‍ പിടിയിലായതറിഞ്ഞ് സമാനരീതിയില്‍ കബളിപ്പിക്കപ്പെട്ട ചിലര്‍ സ്റ്റേഷനുമായി ഫോണില്‍ ബന്ധപ്പെട്ട് പരാതി പറഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. രേഖകളിലില്ലാതെ പണം നല്‍കിയവരും ഉണ്ട്. ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയവരെയാണ് പ്രധാനമായും ഇയാള്‍ വലയിലാക്കിയത്.

ചാത്തന്നൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജസ്റ്റിന്‍ ജോണ്‍, എസ്.ഐ. ആശ വി.രേഖ, എ.എസ്.ഐ.മാരായ ബിജു, സുജിത്ത്, ജെയിന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.