ടോക്കിയോ: ജപ്പാനിലെ അലക്കുശാലയില്‍ നിന്ന് സ്ത്രീകളുടെ 700-ലേറെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. തെക്കന്‍ ജപ്പാനിലെ തെസുവോ യുറാത്ത(56) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

അലക്കുശാലയില്‍നിന്ന് ആറ് ജോഡി അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് 21-കാരിയായ വിദ്യാര്‍ഥിനിയാണ് തെസുവോക്കെതിരേ ആദ്യം പോലീസില്‍ നല്‍കിയത്. ഓഗസ്റ്റ് 24-ന് രാത്രി മോഷണം നടന്നെന്നായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് പോലീസ് തെസുവോയുടെ അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന അടിവസ്ത്രശേഖരം കണ്ടെത്തുകയായിരുന്നു. 

സ്ത്രീകളുടെ 730-ഓളം അടിവസ്ത്രങ്ങള്‍ ഇയാളുടെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് പോലീസ് കണ്ടെത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതോടെ പ്രതിയെ കൈയോടെ പിടികൂടുകയും അടിവസ്ത്രങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇത്രയധികം അടിവസ്ത്രങ്ങള്‍ പിടിച്ചെടുക്കുന്നത് ആദ്യത്തെ സംഭവമാണെന്നായിരുന്നു ബെപ്പു സിറ്റി പോലീസ് വക്താവിന്റെ പ്രതികരണം. ഇതെല്ലാം മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ടെന്നും ഇയാള്‍ കസ്റ്റഡിയിലാണെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് വക്താവ് അറിയിച്ചു. 

ജൂലായില്‍ അമേരിക്കയിലും സമാനമായ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീകളുടെ അപ്പാര്‍ട്ട്‌മെന്റുകളില്‍ അതിക്രമിച്ചുകയറി ഡസന്‍ കണക്കിന് അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച ജേക്കബ് ഡേവിഡ്‌സണ്‍ എന്നയാളാണ് കാലിഫോര്‍ണിയയില്‍ പിടിയിലായത്. ദിവസങ്ങളോളം സ്ത്രീകളെ നിരീക്ഷിച്ച് അവരുടെ യാത്രകളും മറ്റും മനസിലാക്കിയാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. തനിക്ക് പാകമാകുമെന്ന് കരുതുന്ന വസ്ത്രങ്ങള്‍ മാത്രമാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്. ഒരു യുവതിയുടെ വീട്ടില്‍നിന്ന് മാത്രം 15 ജോഡി അടിവസ്ത്രങ്ങളാണ് ഡേവിഡ്‌സണ്‍ കവര്‍ന്നത്. ഇതില്‍ സ്വിം സ്യൂട്ടുകളും അഴുക്കുപുരണ്ട അടിവസ്ത്രങ്ങളും ഉള്‍പ്പെട്ടിരുന്നു. തന്റെ ആറുവയസ്സുള്ള മകളുടെ വസ്ത്രങ്ങളടക്കം ഇയാള്‍ മോഷ്ടിച്ചെന്നും യുവതി പരാതിപ്പെട്ടിരുന്നു. 

Content Highlights: man arrested in japan for stealing woman under wears