രാജ്‌കോട്ട്: മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ലാപ്‌ടോപ്പ് മോഷ്ടിക്കുന്ന യുവാവ് ഗുജറാത്തില്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ തമിഴ്‌ശെല്‍വന്‍ കണ്ണനെ(24)യാണ് ജാംനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറില്‍ എം.പി. ഷാ മെഡിക്കല്‍ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍നിന്ന് ആറ് ലാപ്‌ടോപ്പുകള്‍ മോഷണം പോയ കേസിലാണ് പ്രതി പിടിയിലായത്. ഇതുവരെ വിവിധ മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളില്‍നിന്നായി അഞ്ഞൂറോളം ലാപ്‌ടോപ്പുകള്‍ ഇയാള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 

ഡിസംബര്‍ 26-നാണ് എം.പി. ഷാ മെഡിക്കല്‍ കോളേജിലെ ഹോസ്റ്റലില്‍നിന്ന് ലാപ്‌ടോപ്പുകള്‍ മോഷണം പോയത്. അന്നേദിവസം ജാംനഗറിലെത്തിയ പ്രതി ഹോട്ടലില്‍ മുറിയെടുത്ത് തങ്ങി. തുടര്‍ന്ന് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രഹസ്യമായി പ്രവേശിക്കുകയും ഒരു മുറിയുടെ താക്കോല്‍ കണ്ടെത്തുകയും മുറി തുറന്ന് ലാപ്‌ടോപ്പുകള്‍ മോഷ്ടിക്കുകയുമായിരുന്നു. 

ചോദ്യംചെയ്യലില്‍ പോലീസിനെ ഞെട്ടിക്കുന്ന വിവരങ്ങളാണ് തമിഴ്‌ശെല്‍വന്‍ വെളിപ്പെടുത്തിയത്. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ലാപ്‌ടോപ്പുകള്‍ മാത്രമാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്. 2015-ല്‍ ജീവിതത്തിലുണ്ടായ ഒരു സംഭവമായിരുന്നു അതിന് കാരണം. ചെന്നൈയിലെ ചില മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അന്ന് തമിഴ്‌ശെല്‍വന്റെ കാമുകിയുടെ അശ്ലീല വീഡിയോ പകര്‍ത്തിയിരുന്നു. ഇത് പിന്നീട് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് മെഡിക്കല്‍ വിദ്യാര്‍ഥികളോട് പക തോന്നിയത്. 

ഇതുവരെ അഞ്ഞൂറോളം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. ദക്ഷിണേന്ത്യയിലെ വിവിധ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യ മോഷണങ്ങള്‍. പിന്നീട് ഫരീദാബാദിലേക്ക് താമസം മാറി. തുടര്‍ന്ന് ഉത്തരേന്ത്യയിലെയും മെഡിക്കല്‍ കോളേജുകളില്‍ മോഷണം നടത്തി. ഇന്റര്‍നെറ്റില്‍നിന്നാണ് മെഡിക്കല്‍ കോളേജുകളുടെ വിവരങ്ങള്‍ സംഘടിപ്പിച്ചിരുന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. 

Content Highlights: man arrested in gujarat for stealing medical students laptops