വേങ്ങര: ആത്മീയചികിത്സയുടെ പേരിൽ 40 പവൻ തട്ടിയെടുത്ത യുവാവ് വേങ്ങര പോലീസിന്റെ പിടിയിലായി. തിരൂർ പുറത്തൂർ പാലക്കാവളപ്പിൽ ശിഹാബുദ്ദീൻ (38) ആണ് അറസ്റ്റിലായത്. വേങ്ങര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. മൊബൈൽഫോൺ വഴി പരിചയപ്പെട്ട യുവതിയെ വീട്ടിലെ പ്രശ്നങ്ങൾ ആത്മീയചികിത്സ നടത്തുന്ന ഉപ്പാപ്പയെക്കൊണ്ട് പരിഹരിപ്പിക്കാമെന്നു പറഞ്ഞാണ് പലപ്പോഴായി സ്വർണം തട്ടിയത്.

പ്രശ്നങ്ങൾ പരിഹരിക്കാത്തതിനാൽ ഉപ്പാപ്പയ്ക്ക് കൂടുതൽ സ്വർണം വേണമെന്നാവശ്യപ്പെട്ടാണ് ഇയാൾ ഇതു കരസ്ഥമാക്കിയത്. ഏതാനും ദിവസംമുമ്പ് കോഴിക്കോട് മെഡിക്കൽകോളേജ് പോലീസ് സ്ത്രീപീഡനക്കേസിൽ ശിഹാബുദ്ദീനെ പിടികൂടിയതറിഞ്ഞാണ് യുവതിയുടെ ബന്ധുക്കൾ വേങ്ങര പോലീസിനെ സമീപിച്ചത്. തിരൂർ, താനൂർ, കൊണ്ടോട്ടി സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകൾ ഇയാൾക്കെതിരേയുണ്ടെന്ന് വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ എ. ആദംഖാൻ പറഞ്ഞു.

പന്ത്രണ്ടോളം സിംകാർഡുകൾ മെഡിക്കൽകോളേജ് പോലീസ് ഇയാളിൽനിന്ന് പിടികൂടിയിട്ടുണ്ട്. നാൽപ്പതോളം സ്ത്രീകൾ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെങ്കിലും പലരും മാനഹാനിഭയന്ന് പരാതി നൽകാതിരിക്കുകയാണ്. താനൂർ എസ്.ഐയെ അക്രമിച്ചുപരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. എസ്.എച്ച്.ഒയ്ക്ക് പുറമെ എസ്.ഐ ബാലചന്ദ്രൻ, സീനിയർ സി.പി.ഒ ഷിജു എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.