കോട്ടയ്ക്കല്‍: വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെട്ടയാള്‍ സുഹൃത്തില്‍നിന്ന് പലപ്പോഴായി 55 ലക്ഷം തട്ടിയെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റുചെയ്തു. തിരൂരങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ അരീക്കന്‍പാറയില്‍ മര്‍ഷൂക്ക് (35) ആണ് പിടിയിലായത്.

ഇന്ത്യനൂരിലെ മുളഞ്ഞിപ്പുലാന്‍ വീട്ടില്‍ അര്‍ഷാക്ക് (26) ആണ് പരാതിക്കാരന്‍. ഇരുവരും സുഹൃത്തുക്കളായിരുന്നു. അര്‍ഷാക്കിന്റെ വീട്ടിലെ ചില പ്രശ്നങ്ങള്‍ പരിഹരിക്കാനും ബിസിനസില്‍ അഭിവൃദ്ധിയുണ്ടാക്കാനും സഹായം വാഗ്ദാനംചെയ്ത് മര്‍ഷൂക്ക് എത്തിയിരുന്നു. ഇതിന്റെ ഭാഗമായി കാടാമ്പുഴയിലെ ബായാര്‍ തങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കാമെന്നും മര്‍ഷൂക്ക് പറഞ്ഞിരുന്നു. ബായാര്‍ തങ്ങളാണെന്നു പറഞ്ഞ് ഫോണിലൂടെ സംസാരിച്ചും വാട്സാപ്പില്‍ ചാറ്റ്‌ചെയ്തും പലപ്പോഴായി 55 ലക്ഷം രൂപയോളം വാങ്ങി വഞ്ചിച്ചുവെന്നാണ് അര്‍ഷാക്കിന്റെ പരാതി.

കോടതിയില്‍ ഹാജരാക്കിയ മര്‍ഷൂക്കിനെ റിമാന്‍ഡ്‌ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.

സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എം.കെ.ഷാജിയുടെ നിര്‍ദേശാനുസരണം എസ്.ഐ.മാരായ വിവേക്, സുകേഷ്, ബാബുരാജ്, എസ്.സി,.പി.ഒ.സന്തോഷ്, സി.പി.ഒ.മാരായ ശരണ്‍, രതീഷ്, ഡബ്ല്യു. എസ്.സി.പി.ഒ. ശൈലജ എന്നിവരാണ് പ്രതിയെ പിടികൂടിയത്.