തുറവൂര്‍: ചികിത്സയ്ക്കായി ഇന്‍ഷുറന്‍സ് തുക തരപ്പെടുത്താമെന്നുപറഞ്ഞ് രോഗികളുടെ ബന്ധുക്കളില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ യുവാവ് തട്ടിപ്പുകേസുകളില്‍ പ്രതി. പട്ടണക്കാട് പോലീസ് അറസ്റ്റുചെയ്ത ഏറ്റുമാനൂര്‍ കിടങ്ങൂര്‍ മംഗലത്ത് രതീഷ് (34) അരൂര്‍, കുത്തിയതോട്, പട്ടണക്കാട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മൂന്നുപേരെ ഇയാള്‍ കബളിപ്പിച്ചതായി പോലീസ് പറഞ്ഞു.

കോട്ടയം, ഏറ്റുമാനൂര്‍, കോട്ടയം വെസ്റ്റ്, കറുകച്ചാല്‍, ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളില്‍ പ്രതിയായിരുന്നു ഇയാള്‍. ജാമ്യത്തില്‍ ഇറങ്ങിയശേഷമാണ് വീണ്ടും തട്ടിപ്പു തുടങ്ങിയത്. 2018 മുതല്‍ പലതരത്തില്‍ സാമ്പത്തികത്തട്ടിപ്പുകള്‍ നടത്തുന്ന ഇയാള്‍ ഇതിനുമുന്‍പും പോലീസ് പിടിയിലായിട്ടുണ്ട്. പട്ടണക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാന്‍സര്‍രോഗിയായ വീട്ടമ്മയുടെ ബന്ധുവില്‍നിന്ന് 72,000 രൂപ കബളിപ്പിച്ചെന്ന പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോ തൊറാസിക് സര്‍ജനാണെന്നു പറഞ്ഞുവിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ചികിത്സയ്ക്കുള്ള പണം ഇന്‍ഷുറന്‍സ് വഴി നല്‍കാമെന്നുപറഞ്ഞ് മുന്‍കൂറായി പണം വാങ്ങുകയായിരുന്നു പതിവ്. ഇന്‍ഷുറന്‍സ് തുക പാസാകുമ്പോള്‍ വാങ്ങിയ പണം അക്കൗണ്ടില്‍ എത്തുമെന്നുപറഞ്ഞാണ് രോഗികളെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചിരുന്നത്.

പണംവാങ്ങി മുങ്ങുന്ന രതീഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയിട്ടും കിട്ടാതായതോടെയാണ് പട്ടണക്കാട് സ്വദേശി പോലീസില്‍ പരാതിനല്‍കിയത്. അരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാവുങ്കല്‍ തറയില്‍ ലക്ഷ്മിഭായിയുടെ ചികിത്സയ്ക്കായി പത്തുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തരപ്പെടുത്താമെന്നുപറഞ്ഞ് 34,000 രൂപയും മാസങ്ങള്‍ക്കുമുന്‍പ് രതീഷ് വാങ്ങിയിരുന്നു.

2018-ലായിരുന്നു രതീഷിന്റെ കബളിപ്പിക്കല്‍ തുടങ്ങിയത്. പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തില്‍ ജോലിവാങ്ങി നല്‍കാമെന്നുപറഞ്ഞു വിശ്വസിപ്പിച്ച് ഇയാളുടെ സഹപാഠിയായ വീട്ടമ്മയില്‍നിന്ന് എട്ടുലക്ഷം രൂപ തട്ടിയെടുത്തു. കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നഴ്സിങ് ജോലി തരപ്പെടുത്താമെന്നുപറഞ്ഞ് വീട്ടമ്മയില്‍നിന്ന് ഏഴുലക്ഷം രൂപയും തട്ടിച്ചു. കറുകച്ചാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സേനയില്‍ ജോലിവാങ്ങി നല്‍കാമെന്നുപറഞ്ഞ് യുവാവില്‍നിന്ന് 20 ലക്ഷവും മുണ്ടക്കയം സ്വദേശിയായ യുവാവിന് നഴ്സിങ് ജോലി നല്‍കാമെന്നുപറഞ്ഞ് ഏഴുലക്ഷവും തട്ടിച്ചു മുങ്ങി. കിടങ്ങൂര്‍ സ്വദേശികളായ രണ്ടുപേരില്‍നിന്ന് നഴ്സിങ് ജോലി നല്‍കാമെന്നുപറഞ്ഞ് മൂന്നുലക്ഷം രൂപയും തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

തൃശ്ശൂര്‍ ഒല്ലൂര്‍ സ്റ്റേഷന്‍പരിധിയില്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ കുഞ്ഞിനു നല്ല ചികിത്സ ലഭ്യമാക്കാം എന്നുപറഞ്ഞ് നാലുലക്ഷം രൂപ, പത്തനംതിട്ട ജില്ലയില്‍ മറ്റൊരു യുവാവില്‍നിന്ന് ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനംചെയ്ത് 90,000 രൂപയും തട്ടിയെടുത്തു.

കോട്ടയത്തെ ഒരു ജനപ്രതിനിധിയുടെ ബന്ധുവിന് നഴ്സിങ് ജോലിനല്‍കാമെന്നുംപറഞ്ഞ് ഒരുലക്ഷം രൂപ തട്ടിയെടുത്ത കുറ്റത്തിന് രതീഷിനെതിരേ മുന്‍പ് കേസുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.