പാണ്ടിക്കാട്: സ്വര്‍ണവെള്ളരിയാണെന്നു കബളിപ്പിച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി വലിയകണ്ടത്തില്‍ തോമസിനെ(47)യാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റുചെയ്തത്.

ഓഗസ്റ്റ് 24-നാണ് സംഭവം. തമ്പാനങ്ങാടിയിലെ ലോഡ്ജ് മുറിയില്‍ താമസിക്കുന്നതിനിടെ പരാതിക്കാരനുമായി അടുപ്പം സ്ഥാപിച്ച പ്രതി കൈവശമുണ്ടായിരുന്ന സ്വര്‍ണനിറത്തിലുള്ള വസ്തു സ്വര്‍ണവെള്ളരിയാണെന്നു പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. പതിനൊന്നരലക്ഷം രൂപയാണ് തോമസ് പരാതിക്കാരനില്‍നിന്ന് കൈപ്പറ്റിയത്. കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍പ്പോയി.

വിവിധ ജില്ലകളില്‍ സമാനരീതിയിലുള്ള കേസുകളില്‍ പ്രതിയാണ് തോമസെന്ന് പോലീസ് പറഞ്ഞു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റഫീഖ്, എസ്.ഐ. പി. രാധാകൃഷ്ണന്‍, എ.എസ്.ഐ. സെബാസ്റ്റ്യന്‍ രാജേഷ് തുടങ്ങിയവരാണ് കേസന്വേഷിക്കുന്നത്.