ചിറയിൻകീഴ്: വളർത്തുനായയെ ഉലക്കകൊണ്ടടിച്ചുകൊന്നശേഷം ബന്ധുവീട്ടിൽ കയറി ഹൃദ്രോഗിയായ ഗൃഹനാഥനെയും ഭാര്യയെയും മകനെയും അടിച്ചു പരിക്കേൽപ്പിച്ചയാൾ അറസ്റ്റിലായി. വക്കം പാണന്റെമുക്ക് വട്ടവിള വീട്ടിൽ അഭിലാഷ്(38) നെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റുചെയ്തത്.

ഞായറാഴ്ച രാത്രി 1.30-നാണ് സംഭവം. വക്കം പാണന്റെമുക്ക് വട്ടവിളവീട്ടിൽ സുനിൽകുമാർ ഇദ്ദേഹത്തിന്റെ ഭാര്യ ഷൈല മകൻ സുനു എന്നിവരെയാണ് അഭിലാഷ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. നേരത്തെതന്നെ പ്രശ്നക്കാരനായ അഭിലാഷിന്റെ പേരിൽ അയൽവാസിയും ബന്ധുവുമായ ഷൈല വനിതാ കമ്മിഷനിൽ പരാതി നൽകിയിരുന്നു. തനിക്കെതിരേ പരാതി നൽകിയത് കുഞ്ഞമ്മയാണ് എന്ന വൈരാഗ്യത്താൽ അഭിലാഷ് ഇവരുടെ വീട്ടുമുറ്റത്തു വന്ന് അസഭ്യം പറഞ്ഞിരുന്നു. അർധരാത്രിയായിട്ടും ശല്യം തുടർന്നപ്പോൾ വീട്ടുകാർ ചോദ്യംചെയ്തു. തുടർന്നാണ് പ്രതി ഇവരുടെ വീട്ടിൽക്കയറി അക്രമം നടത്തിയത്.

വീട്ടിൽ കയറി ഉലക്കകൊണ്ട് സുനിൽകുമാറിനെ മർദിച്ചു. തടയാൻ ശ്രമിച്ച സുനിൽകുമാറിന്റെ ഭാര്യയ്ക്കും മകനും അടിയേറ്റു. ശേഷം ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ഇയാളെ കീഴ്പ്പെടുത്തി കെട്ടിയിട്ടു. വിവരം കടയ്ക്കാവൂർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി അഭിലാഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിനുശേഷമാണ് വളർത്തുനായ അടിയേറ്റു ചത്തുകിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. വധശ്രമം, മൃഗങ്ങൾക്കെതിരേയുള്ള ക്രൂരത തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരേ കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.

Content Highlights:man arrested in chirayinkeezhu for attacking relatives