അഹമ്മദാബാദ്: ഗൂഗിള്‍ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പതിലേറെ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. അഹമ്മദാബാദ് സ്വദേശി സന്ദീപ് മിശ്രയെയാണ് അഹമ്മദാബാദ് സൈബര്‍ സെല്‍ പിടികൂടിയത്. ഐ.ഐ.എം. അഹമ്മദാബാദില്‍നിന്ന് ബിരുദം നേടിയ ആളാണെന്നും ഗൂഗിളില്‍ എച്ച്.ആര്‍. മാനേജറാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ യുവതികളെ ചൂഷണം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.
വൈവാഹിക വെബ്‌സൈറ്റുകള്‍ വഴിയാണ് യുവതികളുമായി അടുപ്പം സ്ഥാപിച്ചിരുന്നത്. പിന്നീട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ച് പണം കൈക്കലാക്കും. പീഡനത്തിന്റെ വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യും. അഹമ്മദാബാദ്, ഉജ്ജ്വയ്ന്‍, ഗ്വാളിയോര്‍, ഗോവ, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍നിന്നുള്ള അമ്പതിലേറെ യുവതികളെയാണ് ഇയാള്‍ കബളിപ്പിച്ചതെന്നും പോലീസ് പറയുന്നു.
വിഹാന്‍ ശര്‍മ, പ്രതീക് ശര്‍മ, ആകാശ് ശര്‍മ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലായി ഒട്ടേറെ പ്രൊഫൈലുകളാണ് ഇയാള്‍ വൈവാഹിക വെബ്‌സൈറ്റുകളില്‍ നിര്‍മ്മിച്ചിരുന്നത്. ഗൂഗിളില്‍നിന്ന് 40 ലക്ഷം രൂപ പ്രതിവര്‍ഷ വരുമാനമുണ്ടെന്നും പറഞ്ഞിരുന്നു. യുവതികളെ വിശ്വസിപ്പിക്കാനായി ഐ.ഐ.എം. അഹമ്മദാബാദിന്റെ നാല് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു.
പ്രതിയില്‍നിന്ന് 30 സിംകാര്‍ഡുകളും നാല് മൊബൈല്‍ ഫോണുകളും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണുകളില്‍നിന്ന് യുവതികളെ പീഡിപ്പിച്ച വീഡിയോ ദൃശ്യങ്ങളും കണ്ടെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Content Highlights: man arrested in ahammedabad posses as google employee and sexually exploited women