നിലമ്പൂർ : വിദേശത്തേക്ക് വിസ വാഗ്ദാനംചെയ്ത് കോടികൾ തട്ടിയ സംഘത്തിലെ ഒരാളെ പോത്തുകല്ല് പോലീസ് അറസ്റ്റുചെയ്തു. കോലഞ്ചേരി ഐകര കടമറ്റം താഴത്തിൽ അജിത് ജോർജ് (34) ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ ആഡംബരജീവിതം നയിച്ചുവരികയായിരുന്നു.
ഏറ്റുമാനൂരിൽ ഹാറ്റ് കോർപ്പറേഷൻ കോർപ്പറേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയാണ് സംഘം തട്ടിപ്പു നടത്തിയത്. സിങ്കപ്പൂർ, മലേഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് വിസ വാഗ്ദാനംചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കോടികൾ സംഘം തട്ടിയെടുത്തിട്ടുണ്ട്. തട്ടിപ്പിനിരകളായ എരുമമുണ്ട സ്വദേശികളായ മൂന്ന് യുവാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോത്തുകൽ സ്റ്റേഷൻ ഓഫീസർ ശംഭുനാഥും സംഘവും ഇയാളെ അറസ്റ്റു ചെയ്തത്. ഓസ്ട്രേലിയയിലേക്ക് വിസ വാഗ്ദാനംചെയ്ത് ഇവരിൽനിന്ന് രണ്ടരലക്ഷം രൂപ വീതമാണ് തട്ടിയെടുത്തത്.
പത്തനംതിട്ട ജില്ലയിലെ കോയിപ്പുറം, ഏറ്റുമാനൂർ, തിരുവനന്തപുരം മണ്ണന്തല, കുറവിലങ്ങാട്, ഇടുക്കി ജില്ലയിലെ കരിങ്കുന്നം, തൊടുപുഴ, ഉപ്പുതറ, വെള്ളത്തൂവൽ, എറണാകുളം ജില്ലയിലെ കല്ലൂർക്കാട് എന്നിവിടങ്ങളിൽ ഇയാൾക്കെതിരേ കേസുകളുണ്ട്. തട്ടിപ്പു സംഘത്തിൽ ഉൾപ്പെട്ട ദമ്പതിമാർ 2019-ലെ പ്രളയ സമയത്ത് എരുമമുണ്ടയിൽ വന്നിരുന്നു. നാട്ടുകാർചേർന്ന് ഇവരെ തടഞ്ഞെങ്കിലും പരാതികൾ ഇല്ലാത്തതിനാൽ നടപടിയെടുക്കാനായില്ല.
ഇവരാണ് തട്ടിപ്പുസംഘത്തിലെ സൂത്രധാരകരെന്നാണ് പോലീസ് പറയുന്നത്. ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈ.എസ്.പി. കെ.എം. ദേവസ്യ, പോത്തുകൽ സ്റ്റേഷൻ ഓഫീസർ ശംഭുനാഥ് എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. തിങ്കളാഴ്ച നിലമ്പൂർ കോടതിയിൽ ഹാജരാക്കും. സീനിയർ സി.പി.ഒമാരായ സി.എ. മുജീബ്, അബ്ദുൾസലീം, സുരേഷ് ബാബു, സി.പി.ഒമാരായ ലിജീഷ്, കൃഷ്ണൻ, സക്കീർ, ശ്രീകാന്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Content Highlight: Man arrested for Visa fraud case