ഗുവാഹട്ടി: പെണ്‍കുട്ടിയുടെ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ ദേമാജി ജില്ലയിലെ അകാന്‍ സൈക്കിയ(51)യെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 

ഞായറാഴ്ചയാണ് ഗ്രാമത്തിലെ 14 വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ ഗ്രാമത്തിലെ നദിക്കരയില്‍ അന്ന് രാത്രി തന്നെ മൃതദേഹം മറവ് ചെയ്തു. പിറ്റേദിവസം രാവിലെ ഇവിടെ എത്തിയ മത്സ്യത്തൊഴിലാളികളാണ് അകാന്‍ സൈക്കിയ മൃതദഹേം പുറത്തെടുത്ത് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടത്. ഉടന്‍തന്നെ ഇയാളെ പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. 

രണ്ട് വിവാഹം കഴിച്ച അകാന്‍ സൈക്കിയ ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ജയിലിലായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അനുവദിച്ച പ്രത്യേക പരോളിലാണ് അടുത്തിടെ പുറത്തിറങ്ങിയത്. അതേസമയം, സൈക്കിയയ്ക്ക് പെണ്‍കുട്ടിയുടെ മരണവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ നാട്ടുകാര്‍ വീണ്ടും മറവ് ചെയ്ത മൃതദേഹം പോലീസ് പുറത്തെടുത്തു. സൈക്കിയ പെണ്‍കുട്ടിയെ നേരത്തെ പീഡിപ്പിച്ചിട്ടുണ്ടാകാമെന്നും ഇതുകാരണം പെണ്‍കുട്ടി ജീവനൊടുക്കിയതാകാമെന്നുമാണ് നാട്ടുകാരുടെ സംശയം. 

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത വരുമെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രതിക്ക് മാനസികവൈകല്യമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു. 

Content Highlights: man arrested for trying to rape minor girl's dead body