വാഷിങ്ടണ്‍ : ഫെയ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരുന്ന മുന്‍ തൊഴിലുടമയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. യു.എസിലെ നോര്‍ത്ത് ഡക്കോട്ട സ്വദേശിയായ കാലേബ് ബര്‍സിക്കി(29)നെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെയ്‌സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയതിന് പുറമേ, മുന്‍ തൊഴിലുടമയുടെ വീട്ടില്‍ അതിക്രമം കാണിച്ചതിനും ഇയാള്‍ക്കെതിരേ കേസുണ്ട്.
ഡിസംബര്‍ 24-നാണ് കാലേബ് മുന്‍ തൊഴിലുടമയ്ക്ക് ഫെയ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. എന്നാല്‍ ഇദ്ദേഹം പ്രതികരിക്കാതിരുന്നതോടെ നിരന്തരം സന്ദേശങ്ങളയച്ച് ശല്യംചെയ്തു. പിന്നീട് ഇത് ഭീഷണി സന്ദേശങ്ങളായി മാറി. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്നുമായിരുന്നു ഭീഷണി. എന്നിട്ടും മുന്‍ തൊഴിലുടമ പ്രതികരിച്ചില്ല. പിന്നാലെ വീണ്ടും ഭീഷണി സന്ദേശങ്ങള്‍ അയക്കുകയും മുന്‍ തൊഴിലുടമയുടെ വീട്ടിലെത്തി വാതില്‍ ചവിട്ടിപ്പൊളിക്കുകയും ചെയ്തു. ഈ സംഭവം മൊബൈലില്‍ പകര്‍ത്തി സാമൂഹികമാധ്യമമായ സ്‌നാപ് ചാറ്റില്‍ പങ്കുവെച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കുകം കാലേബിനെ പോലീസ് പിടികൂടുകയായിരുന്നു.
ഫെയ്‌സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയതിനും ഭവനഭേദനത്തിനുമാണ് യുവാവിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ജനുവരി 27-ന് ഇയാളെ കോടതിയില്‍ ഹാജരാക്കും.
Content Highlights: man arrested for threatening his ex employer for not accepting facebook friend request