ബെംഗളൂരു: പോലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് ഭീഷണിപ്പെടുത്തി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. ജുഡീഷ്യൽ ലേഔട്ട് സ്വദേശിയും യെലഹങ്ക ന്യൂ ടൗണിലെ മൊബൈൽ ഷോപ്പ് ഉടമയുമായ ശ്രീനാഥ് (33) ആണ് പിടിയിലായത്.
വിദ്യാരണ്യപുര സ്വദേശിയായ 21 -കാരിയുടെ പരാതിയിലാണ് ശ്രീനാഥിനെ പിടികൂടിയത്. മുമ്പും സമാനമായ കേസിൽ ഇയാൾ പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ജൂൺ 26-നാണ് കേസിനാസ്പദമായ സംഭവം. വിദ്യാരണ്യപുരയിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ ശ്രീനാഥ് താൻ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്നും പെൺകുട്ടിയുടെ പേരിൽ ചില കേസുകളുണ്ടെന്നും അറിയിച്ചു. താൻ വിചാരിച്ചാൽ കേസുകൾ ഇല്ലാതാക്കാൻ കഴിയുമെന്ന് അറിയിച്ച ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ സുഹൃത്തുക്കൾ വീട്ടിലേക്ക് വന്നതോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് പെൺകുട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
സമാനരീതിയിൽ ഒട്ടേറെ സ്ത്രീകളെ ഇയാൾ ലൈംഗികപീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. സ്ത്രീകളെ ലക്ഷ്യം വെച്ചാൽ ഇവരുടെ വീടു കണ്ടെത്തി ആളില്ലാത്ത സമയത്ത് എത്തുകയാണ് ഇയാളുടെ രീതി. പോലീസാണെന്ന് വിശ്വസിച്ച സ്ത്രീകൾ കേസിൽപ്പെടുത്തുമെന്ന് തെറ്റിദ്ധരിച്ച് സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlights: man arrested for threaten and rape women as Crime Branch Officer