ചെന്നൈ: മുന്‍ കാമുകിയെ പാര്‍ക്കില്‍വെച്ച് പരസ്യമായി മര്‍ദിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി ലോകേഷാണ് (23) പിടിയിലായത്. സംഭവം കണ്ട നാട്ടുകാര്‍ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. 

സ്‌കൂള്‍ സഹപാഠികളായിരുന്ന ലോകേഷും യുവതിയും മുമ്പ് പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലോക്ഡൗണ്‍ കാലത്ത് ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടായി. ലോകേഷുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും യുവതി വ്യക്തമാക്കി. 

കഴിഞ്ഞദിവസം യുവതിക്ക് ഫോണ്‍ ചെയ്ത പ്രതി, ബന്ധത്തിലായിരുന്നപ്പോള്‍ വാങ്ങിയ സമ്മാനങ്ങള്‍ തിരിച്ചുതരാമെന്നു പറഞ്ഞ് പാര്‍ക്കിലേക്ക് വിളിക്കുകയായിരുന്നു. പാര്‍ക്കിലെത്തിയപ്പോള്‍ ലോകേഷ് വീണ്ടും പ്രണയബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ യുവതി സമ്മതിച്ചില്ല. അതോടെ ലോകേഷ് പരസ്യമായി യുവതിയെ മര്‍ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഭിരാമപുരം പോലീസ് പ്രതിയെ അറസ്റ്റുചെയ്ത് കൊണ്ടുപോയി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പുഴല്‍ ജയിലിലടച്ചു.