ചിറയിന്‍കീഴ്: സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുമായി പരിചയപ്പെട്ട് സ്വര്‍ണവും പണവും തട്ടുന്നയാളെ ബെംഗളൂരുവില്‍നിന്നു പിടികൂടി. ചെന്നൈ അംബത്തൂര്‍ ബിനായകപുരം ഡോ. രാജേന്ദ്രപ്രസാദ് സ്ട്രീറ്റില്‍ ഡോര്‍ നമ്പര്‍ 25-ല്‍ സുരേഷിന്റെ മകന്‍ ജെറി എന്നുവിളിക്കുന്ന ശ്യാമി(28)നെയാണ് കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

കടയ്ക്കാവൂര്‍ സ്വദേശിനിയെ സമൂഹമാധ്യമത്തിലുടെ പരിചയപ്പെട്ട് സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ യുവതികളെ പരിചയപ്പെട്ട് അവരുടെ ചിത്രങ്ങളും വീഡിയോയും കൈക്കലാക്കി ഭീഷണിപ്പെടുത്തുകയാണ് ചെയ്തിരുന്നത്.

സ്വന്തം ചിത്രം ഫില്‍റ്റര്‍ ചെയ്ത് മനോഹരമാക്കി സമൂഹമാധ്യമങ്ങളിലൂടെ യുവതികള്‍ക്ക് ഫ്രണ്ട്ഷിപ്പ് മെസേജ് അയച്ചാണ് കെണിയൊരുക്കിയിരുന്നത്. ഇയാളുടെ ഫോണില്‍ പതിനായിരത്തോളം സ്‌ക്രീന്‍ ഷോട്ടുകള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ബെംഗളൂരുവിലും ചെന്നൈയിലും കേരളത്തിലും വിവിധ ഐ.ടി. സ്ഥാപനങ്ങളുടെ മേല്‍വിലാസങ്ങള്‍ വ്യാജമായുണ്ടാക്കി പലര്‍ക്കും നല്‍കിയതായും പോലീസ് കണ്ടെത്തി.

ചെന്നൈയിലും ബെംഗളൂരുവിലും മാറിമാറി താമസിച്ചിരുന്ന പ്രതിയെ തമിഴ്നാട് കര്‍ണാടക സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ബെംഗളൂരുവില്‍നിന്നു പിടികൂടിയത്. വ്യാജവിലാസം ലോഡ്ജില്‍ നല്‍കി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതി പെണ്‍കുട്ടികളുടെയും യുവതികളുടെയും ഫോട്ടോയും വീഡിയോയും കൈക്കലാക്കി കേരളത്തില്‍ വിവിധയിടങ്ങളില്‍ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നു.

തിരുവനന്തപുരം റൂറല്‍ എസ്.പി. പി.കെ.മധുവിന്റെ നേതൃത്വത്തില്‍ കടയ്ക്കാവൂര്‍ എസ്.എച്ച്.ഒ. അജേഷ് വി., എസ്.ഐ. ദീപു എസ്.എസ്., എ.എസ്.ഐ.മാരായ ജയപ്രസാദ്, ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജ്യോതിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പരിചയമില്ലാത്തവരുമായി സമൂഹമാധ്യമം വഴിയുള്ള ചങ്ങാത്തം ഇത്തരം തട്ടിപ്പിന് ഇടയാക്കുന്നതായി കടയ്ക്കാവൂര്‍ എസ്.എച്ച്.ഒ. അജേഷ് പറഞ്ഞു.

Content Highlights: Man arrested for stealing women's gold and money