ചെന്നൈ: മകന്റെ ഓണ്‍ലൈന്‍ പഠനത്തിനുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീലവീഡിയോകള്‍ പങ്കുവെച്ച പിതാവ് അറസ്റ്റില്‍. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ആവഡി സ്വദേശിയായ 39-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ അധികൃതരാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. 

ആറാംക്ലാസ് വിദ്യാര്‍ഥിയായ മകന്റെ ഓണ്‍ലൈന്‍ പഠനത്തിനായി ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പിലാണ് പിതാവ് അശ്ലീലവീഡിയോകള്‍ പങ്കുവെച്ചത്. സ്‌കൂള്‍ അധികൃതരാണ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം ആറാംക്ലാസുകാരന്റെ പിതാവിന്റെ നമ്പറില്‍നിന്ന് തുടരെതുടരെ അശ്ലീലവീഡിയോകള്‍ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതോടെ മറ്റുരക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ സമീപിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ആവഡി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

അതേസമയം, അശ്ലീലവീഡിയോകള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പ്രതിയുടെ മൊഴി. ആ സമയത്ത് താന്‍ മദ്യലഹരിയിലായിരുന്നുവെന്നും സുഹൃത്തുക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് വീഡിയോ അയക്കാന്‍ ഉദ്ദേശിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു. 

Content Highlights: man arrested for sharing obscene videos on son's whatsapp group for online studies