ചെന്നൈ: ശസ്ത്രക്രിയയ്‌ക്കിടെ യുവതിയോട് ലൈംഗികമായി അപമര്യാദകാട്ടിയ ലാബ് ജീവനക്കാരനെ അറസ്റ്റുചെയ്തു. പെരുങ്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പരാതിപ്പെട്ടിട്ടും ആശുപത്രി അധികൃതർ നടപടിയെടുക്കാത്തതിനെത്തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തായത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ ലാബ് ടെക്‌നീഷ്യനായ ദിലി ബാബു (26) എന്നയാൾ കുറ്റം സമ്മതിച്ചു. ഇയാൾക്കെതിരേ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.
ബെംഗളൂരു സ്വദേശിനിയായ മുപ്പതുകാരി കാൽമുട്ട് ശസ്ത്രക്രിയയ്‌ക്കായാണ് ആശുപത്രിയിലെത്തിയത്. ജൂൺ ആറിനായിരുന്നു ശസ്ത്രക്രിയ. അരയ്ക്ക് താഴേക്ക് അനസ്‌തേഷ്യ നൽകിയ ശേഷമായിരുന്നു ചികിത്സ. ഈ സമയം പൂർണബോധത്തിലായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞതോടെ പീഡനവിവരം യുവതി ആശുപത്രി അധികൃതരെ അറിയിച്ചു. നടപടിയെടുക്കുമെന്ന് അധികൃതർ യുവതിക്ക് ഉറപ്പുനൽകുകയും ചെയ്തിരുന്നു.
എന്നാൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് മറുപടി ലഭിക്കാതിരുന്നതോടെ യുവതി പോലീസിൽ പരാതി നൽകി. പോലീസ് ബന്ധപ്പെട്ടപ്പോൾ യുവതി മനോരോഗിയാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് ആശുപത്രിഅധികൃതർ അറിയിച്ചത്. മെഡിക്കൽ ഫയൽ പരിശോധിച്ചപ്പോൾ കാൽമുട്ട് ശസ്ത്രക്രിയയ്‌ക്കായാണ് യുവതി എത്തിയതെന്നും യുവതിക്ക് മാനസികപ്രശ്‌നങ്ങളില്ലെന്നും പോലീസ് കണ്ടെത്തി. ഇതോടെ ലാബ് ജീവനക്കാരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Content Highlights: man arrested for sexual assault while operaion