കാന്‍പുര്‍: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ഭാര്യവീടിന് തീയിട്ടയാളെ പോലീസ് പിടികൂടി. ഹാര്‍ദോയി സ്വദേശിയും ഡ്രൈവറുമായ മുകേഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. 

വെള്ളിയാഴ്ച രാവിലെയാണ് മുകേഷ് കുമാര്‍ ഭാര്യ മനീഷയുടെ വീടിന് തീയിട്ടത്. ജൂഹി പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. തീപ്പിടിത്തത്തില്‍ മനീഷയും മാതാപിതാക്കളും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇവരുടെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. പൊള്ളലേറ്റ ഏഴ് പേരെയും ഊര്‍സാല ഹോഴ്‌സ്മാന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 

പ്രസവത്തിന് ശേഷം ഭാര്യ തിരികെവരാതിരുന്നതാണ് മുകേഷ് കുമാറിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച ഭാര്യവീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് കൂടെവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ മനീഷ തയ്യാറായില്ല. ഇതോടെ പ്രകോപിതനായ മുകേഷ് കുമാര്‍ പെട്രോള്‍ ഒഴിച്ച് വീടിന് തീവെയ്ക്കുകയായിരുന്നു. 

Content Highlights: man arrested for setting in laws home on fire in uttar pradesh