മംഗളൂരു: ഓലാപ്പേട്ടില്‍ ബീഫ് സ്റ്റാളുകള്‍ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വിധോബനഗറില്‍ താമസിക്കുന്ന കൂലിപ്പണിക്കാരനായ നാഗരാജിനെ (39)യാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. നാഗരാജ് അധികം ഇറച്ചി ചോദിച്ചിട്ട് നല്‍കാതിരുന്നതും ഇറച്ചി വില്‍പ്പനക്കാരന്‍ അപമാനിച്ചതുമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച ഓലാപ്പേട്ടിലെ ഒരു ബീഫ് സ്റ്റാളില്‍നിന്ന് നാഗരാജ് 300 രൂപയ്ക്ക് ഒരു കിലോ ഇറച്ചി വാങ്ങിയിരുന്നു. ഇതിനിടെ കുറച്ചധികം ഇറച്ചി കൂടി നല്‍കാന്‍ ഇയാള്‍ കടക്കാരനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇറച്ചി നല്‍കാതിരുന്ന കടക്കാരന്‍ നാഗരാജിനെ പരസ്യമായി അപമാനിക്കുകയും ചെയ്തു. തുടര്‍ന്ന് ഇറച്ചിയുമായി നാഗരാജ് താമസസ്ഥലത്തെത്തി. സുഹൃത്ത് ലത്തീഫുമായി ചേര്‍ന്ന് ഇറച്ചി പാകം ചെയ്ത് കഴിച്ചു.

പിറ്റേദിവസമാണ് തന്നെ അപമാനിച്ച ഇറച്ചിവില്‍പ്പനക്കാരനോട് പ്രതികാരം ചെയ്യണമെന്ന് തോന്നിയത്. ഇതിനായി സമീപത്തെ കടയില്‍നിന്ന് മണ്ണെണ്ണ വാങ്ങിസൂക്ഷിച്ചു. ഞായറാഴ്ച രാത്രി മണ്ണെണ്ണയുമായി ചന്തയിലെത്തിയ ഇയാള്‍ ബീഫ് സ്റ്റാളുകള്‍ക്ക് തീയിടുകയായിരുന്നു. കൃത്യം നടത്തിയ ശേഷം വീട്ടിലെത്തിയ നാഗരാജ് ബീഫ് സ്റ്റാളുകള്‍ കത്തിച്ച വിവരം അമ്മയോട് പറഞ്ഞിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.

Content Highlights: man arrested for setting beef stalls on fire in mangaluru