തൃശ്ശൂര്‍: വീട് കുത്തിത്തുറന്ന് പതിനഞ്ചു പവന്‍ മോഷ്ടിച്ച കേസ് അന്വേഷിച്ചപ്പോള്‍ കുടുങ്ങിയത് പരാതിക്കാരന്‍തന്നെ. സ്വന്തം വീട്ടില്‍നിന്ന് മോഷണം നടത്തിയതിന് ഇയാള്‍ അറസ്റ്റിലാകുകയും ചെയ്തു. പുല്ലഴിയിലെ ചുമട്ടുതൊഴിലാളിയായ വലയത്ത് പ്രദീപ് (40) ആണ് അറസ്റ്റിലായത്. 15 പവന്‍ മോഷണംപോയി എന്നുകാണിച്ച് ഇയാള്‍ നല്‍കിയ പരാതിയിലാണ് വെസ്റ്റ് പോലീസ് അന്വേഷണം നടത്തിയത്.

പ്രൊഫഷണല്‍ കള്ളന്‍മാരാണ് സംഭവത്തിനു പിന്നിലെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു സാഹചര്യം. പിറകുവശത്തുള്ള വാതിലിന്റെ ഓടാമ്പല്‍ തകര്‍ത്താണ് അകത്തു കയറിയത്. സ്ഥലത്തെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച പോലീസുദ്യോഗസ്ഥര്‍ പരാതിക്കാരനായ പ്രദീപിനെയും സഹോദരനെയും അമ്മയേയും വിശദമായി ചോദ്യംചെയ്തു.

അതോടെ പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴികളിലെ വൈരുദ്ധ്യം തിരിച്ചറിഞ്ഞു. അമ്മയും സഹോദരിയും വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വന്തം സഹോദരിയുടെ സ്വര്‍ണാഭരണങ്ങളെക്കുറിച്ച് പരാതിക്കാരനും അമ്മയ്ക്കും സഹോദരിക്കും മാത്രമേ അറിയുമായിരുന്നുള്ളൂ. പ്രദീപ് മനക്കൊടിയിലാണ് കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുന്നത്. ജോലിആവശ്യത്തിനായി എല്ലാ ദിവസവും പുല്ലഴിയിലേക്ക് വരാറുണ്ട്. സംഭവദിവസം താന്‍ പതിവുപോലെ തറവാട്ടുവീട്ടിലെത്തിയപ്പോഴാണ് വീടിന്റെ വാതില്‍ പൊളിഞ്ഞുകിടക്കുന്നത് കണ്ടതെന്നായിരുന്നു ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നത്.

വിശദമായ ചോദ്യംചെയ്യലിനൊടുവില്‍ പ്രദീപ് കുറ്റം സമ്മതിച്ചു. തനിക്ക് ബാധ്യതകളുണ്ടെന്നും അതിനാലാണ് സ്വന്തം തറവാട്ടുവീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതെന്നും അയാള്‍ പറഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ചുവെച്ചിടത്തുനിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു.

വെസ്റ്റ് പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ റെമിന്‍ കെ.ആര്‍., ഷാജി എ.ഒ., അസി. സബ് ഇന്‍സ്പെക്ടര്‍മാരായ ജോയ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ റിക്സണ്‍, സുനീബ്, ഷാഡോ പോലീസ് അംഗങ്ങളായ സബ് ഇന്‍സ്പെക്ടര്‍മാരായ ഗ്ലാഡ്സ്റ്റണ്‍ ടി.ആര്‍., പി. എം. റാഫി, സിവില്‍ പോലീസ് ഓഫീസര്‍മാരായ പഴനിസ്വാമി, ലിഗേഷ്, വിപിന്‍ദാസ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.