അഞ്ചാലുംമൂട് : സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട 53-കാരിയെ വിവാഹം കഴിച്ചതായി വരുത്തി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍. ചിറ്റയം പ്രശാന്ത് ഭവനില്‍ പ്രദീപ് ഡി.നായര്‍ (44) ആണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്.

സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത്: ഭാര്യയും രണ്ടുകുട്ടികളുടെ പിതാവുമായ പ്രദീപ് ഡി.നായര്‍ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട, വിദേശത്ത് ജോലിയുള്ള 53 കാരിയായ തിരുവനന്തപുരം സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി ചിറ്റയത്ത് എത്തിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിനുമുന്നിലെ കൊടിമരച്ചുവട്ടിലെത്തിച്ച് വിവാഹം കഴിച്ചതായി വരുത്തി ചിറ്റയത്തുള്ള വാടകവീട്ടിലെത്തിച്ചു പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തിരുവനന്തപുരത്ത് സ്ത്രീയുടെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു.

പിന്നാലെ, പീഡനദൃശ്യങ്ങള്‍ സ്ത്രീയുടെ സുഹൃത്തുക്കള്‍ക്ക് അയയ്ക്കുമെന്നു പറഞ്ഞ് ഭീഷണിപ്പടുത്തുകയും ചെയ്തു. ഇതോടെ വിദേശത്തേക്ക് പോയ സ്ത്രീ താന്‍ കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അഞ്ചാലുംമൂട് എസ്.എച്ച്.ഒ. സി.ദേവരാജന്‍, എസ്.ഐ.മാരായ ശ്യാം, ലഗേഷ്‌കുമാര്‍, ശബ്ന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.