അഡൂര്‍(കാസര്‍കോട്): കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. ദേലംപാടി പരപ്പ സ്വദേശിയും ക്രെയിന്‍ ഓപ്പറേറ്ററുമായ അബ്ദുള്‍ ലത്തീഫിനെ(23)യാണ് ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

നാല് കുട്ടികളുടെ അമ്മയായ 36 കാരിയാണ് പരാതിക്കാരി. ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഗള്‍ഫുകാരനായ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ അലസിപ്പിക്കാന്‍ നോക്കിയെങ്കിലും ഫലിച്ചില്ല. യുവതിയുടെ പ്രസവ ശേഷം കര്‍ണാടകയിലേക്ക് കടന്ന പ്രതിയെ തേടി ആദൂര്‍ പോലീസ് അന്വേഷണമാരംഭിക്കുകയും തീര്‍ഥഹള്ളിയില്‍ വെച്ച് പിടികൂടുകയുംചെയ്തു. എസ്.ഐ. മോഹനന്‍, എ.എസ്.ഐ. മധുസൂദനന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ചന്ദ്രന്‍, രതീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.