കോട്ടയം: യുവതിയെ ഭീഷണിപ്പെടുത്തി ഏഴ് വര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. പുതുപ്പള്ളി എരമല്ലൂര്‍ കുന്നുംപുറത്ത് ജെലീഷ് ജനാര്‍ദനനെ (32) യാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ റിജോ പി.ജോസഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഫോട്ടോ ഗ്രാഫറാണെന്ന് പോലീസ് പറഞ്ഞു. 

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി മയക്കുമരുന്ന് കലര്‍ത്തിയ മുന്തിരി ജ്യൂസ് നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഏഴ് വര്‍ഷംമുമ്പാണ് ആദ്യമായി പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടി അറിയാതെ അന്ന് പീഡനരംഗം ക്യാമറയില്‍ പകര്‍ത്തിയ പ്രതി പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഏഴ് വര്‍ഷമായി നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു. 

യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ ഇയാള്‍ വിവാഹത്തില്‍നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഭീഷണിതുടങ്ങി. ഇതിന്റെ പേരില്‍ വിവാഹാലോചകള്‍ മുടക്കുകയും ചെയ്തു. ഇതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.