മൈസൂരു: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ മൈസൂരു പോലീസ് അറസ്റ്റുചെയ്തു. ഡിപ്ലോമ വിദ്യാര്‍ഥിനിയായ 17-കാരിയാണ് പീഡനത്തിനിരയായത്. 

പെണ്‍കുട്ടിയുടെ അച്ഛന്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് അമ്മയും മരിച്ചു. രണ്ട് മുതിര്‍ന്ന സഹോദരന്‍മാരും സഹോദരിമാരുമാണ് പെണ്‍കുട്ടിക്കുള്ളത്. വിവാഹിതരായ സഹോദരിമാര്‍ ഭര്‍തൃവീടുകളിലേക്ക് താമസം മാറിയതിനാല്‍ സഹോദരന്‍മാര്‍ക്കൊപ്പമായിരുന്നു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. സഹോദരന്‍മാരിലൊരാള്‍ സ്ഥിരം മദ്യപാനിയായിരുന്നു. ഇയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഗര്‍ഭിണിയായ കാര്യം പെണ്‍കുട്ടിക്ക് മനസ്സിലായിരുന്നില്ല. വയറുവേദനയെത്തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ആരാണ് ഉത്തരവാദിയെന്ന് ഡോക്ടര്‍മാര്‍ അനുനയപൂര്‍വം ചോദിച്ചപ്പോള്‍ പെണ്‍കുട്ടി സഹോദരന്റെ പേര് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഡോക്ടര്‍മാര്‍ ആലനഹള്ളി പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് സഹോദരനെ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.