മാള: പുത്തന്‍ചിറയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ നോര്‍ത്ത് പറവൂര്‍ വെടിമറ കമ്പിവേലിക്കകം കോളനിയിലെ കൈപ്പുറം ബിബിന്‍ ലാലി(33)നെ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സജിന്‍ ശശിയും സംഘവും അറസ്റ്റ് ചെയ്തു. ഭാര്യയുടെ ട്യൂഷന്‍ ക്ലാസില്‍ വന്നിരുന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയിരുന്നത്. ഒന്നര വര്‍ഷമായി പീഡനം തുടര്‍ന്നെങ്കിലും ഈയിടെ മാത്രമാണ് വിവരം ബന്ധുക്കള്‍ അറിയുന്നത്.

കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും പഠനത്തിലെ താത്പര്യക്കുറവുമാണ് വീട്ടുകാര്‍ക്ക് സംശയത്തിനിടയാക്കിയത്. എ.എസ്.ഐ.മാരായ ബിജു വാളൂരാന്‍, ഒ.എച്ച്. ബിജു, സീനിയര്‍ സി.പി.ഒ.മാരായ പി.എന്‍. ഷീബ, മിഥുന്‍ കൃഷ്ണ എന്നിവരുടെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.